ചാലക്കുടി: ടൗണിലും പ്രധാന റോഡുകളിലും രൂക്ഷമായി തുടരുന്ന ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിൽ യോഗം എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. ടൗണിലെ ഗതാഗതപരിഷ്കരണം പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
നിലവിലെ കൗൺസിൽ ഭരണസമിതി അധികാരത്തിലെത്തി അഞ്ചുമാസം പിന്നിട്ടിട്ടും ഗതാഗതക്കുരുക്കിനു പരിഹാരംകാണാൻ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉദ്യോഗസ്ഥരെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും ഉൾപ്പെടുത്തി രൂപീകരിച്ച ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ഇടപെടലുകളും പരാജയമായിരുന്നുവെന്നും എൽഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി.
ചാലക്കുടിയുടെ ഗതാഗത സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഉദ്യോഗസ്ഥരെമാത്രം ഉൾപ്പെടുത്തിയാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നതെന്നും സമഗ്രപഠനം നടത്താതെയാണ് പരിഷ്കരണ നിർദേശങ്ങൾ മുന്നോട്ടുവച്ചതെന്നും എൽഡിഎഫ് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ജിൽ ആന്റണി ആരോപിച്ചു. ടൗണിലെ ഗതാഗതക്കുരുക്കിന് അടിയന്തരപരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വംനൽകുമെന്നും ജിൽ ആന്റണി പറഞ്ഞു.
കൗൺസിൽ യോഗത്തിൽനിന്ന് പ്രതിഷേധിച്ച് ഇറങ്ങിയ എൽഡിഎഫ് അംഗങ്ങൾ ചെയർപേഴ്സന്റെ മുറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി. ജിൽ ആന്റണി ഉദ്ഘാടനംചെയ്ത സമരത്തിൽ ഉഷ പരമേശ്വരൻ, വിൽസൺ പാണാട്ടപ്പറമ്പിൽ, വി.ജെ. ജോജി, നിധിൻ പുല്ലൻ പ്രസംഗിച്ചു.